കല്‍പ്പറ്റ: കല്‍പ്പറ്റയില്‍ നിന്നും ഹെറോയിനും കഞ്ചാവുമായി മൂന്നു പേരെ പോലിസ് അറസ്റ്റ് ചെയ്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശികളായ എം മുഹമ്മദ് ആഷിഖ് (31), ടി ജംഷാദ് (23), തിരൂരങ്ങാടി പള്ളിക്കല്‍ സ്വദേശി ടി ഫായിസ് മുബഷിര്‍ (30) എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ ആഷിഖ് നിരവധി ക്രിമിനല്‍ കേസുകളിലെ പിടികിട്ടാപ്പുള്ളിയാണ്.
മയക്കുമരുന്നിനെതിരെയുള്ള ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നഗരത്തില്‍ ജനമൈത്രി ജംഗ്ഷനില്‍ പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്. ഇവരില്‍ നിന്നും ഒരു ഗ്രാം ഹെറോയിനും 50 ഗ്രാം കഞ്ചാവും കണ്ടെടുത്തു. മയക്കുമരുന്ന് കടത്തിക്കൊണ്ടുവരാന്‍ ഉപയോഗിച്ച കെഎൽ 54 ജെ 0279 നമ്പറിലുള്ള ഹ്യൂണ്ടായി കാറും മയക്കുമരുന്ന് വില്‍പ്പനക്കായി ഇടപാടുകാരെ ബന്ധപ്പെടാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും എക്‌സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിയിലായ സംഘവുമായി ബന്ധപ്പെട്ട മറ്റു കണ്ണികളെകുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതായി എക്‌സൈസ് അറിയിച്ചു
പിടികിട്ടാപുള്ളിയായ മുഹമ്മദ് ആഷിഖിനെതിരെ മലപ്പുറം, എറണാകുളം ജില്ലകളിലായി മയക്കുമരുന്ന് കേസ് ഉണ്ട്. 300 ഗ്രാം എംഡിഎംഎ കടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ ആഷിഖിനെ കൊച്ചി സിറ്റി പൊലീസ് അന്വേഷിക്കുക്കയായിരുന്നു. നിലവില്‍ കൊച്ചി സിറ്റി പൊലീസ് ഉദ്യോഗസ്ഥര്‍ എത്തി ആഷിഖിനെ അറസ്റ്റ് ചെയ്തു.
Heroin and ganja in the car. 3 people arrested.